ഒരിടത്തൊരിടത്തൊരു തോട്ടക്കാരനുണ്ടായിരുന്നു. തന്റെ യജമാനത്തിയുടെ തോട്ടം നോക്കി നടത്തലായിരുന്നു അയാളുടെ ജോലി. യജമാനത്തിയെയും തോട്ടത്തെയും വളരെ ഇഷ്ടപ്പെട്ട അയാള്‍ തനിക്കൊരു സ്ഥിര നിയമനം നല്‍കണമെന്ന് യജമാനത്തിയോടു അപേക്ഷിച്ചു. അയാളുടെ സേവനങ്ങളില്‍ സന്തുഷ്ടയായ യജമാനത്തി അയാള്‍ക്ക് ആജീവനാന്ത സ്ഥിര നിയമനം നല്‍കി. മനസ്സ് നിറയെ സ്നേഹവും, തനിക്കു സ്വന്തമായുള്ള തോട്ടത്തിലെക്കുള്ള സഹായവുമായിരുന്നു കൂലി.
അങ്ങനെ അവര്‍ സന്തുഷ്ടരായി ജീവിക്കുന്നതിനിടയില്‍ ഒരിക്കല്‍, യജമാനത്തി തന്റെ തോട്ടക്കാരന് സ്വന്തമായുള്ള തോട്ടത്തിലേക്ക് ഒരു സന്ദര്‍ശനം നടത്തി. തോട്ടക്കാരന്‍ താന്‍ ഓമനിച്ചു വളര്‍ത്തുന്ന വിളകള്‍ ആവേശത്തോടെ യജമാനത്തിക്ക് കാട്ടിക്കൊടുത്തു. പക്ഷെ യജമാനത്തിക്ക് അയാളുടെ തോട്ടം ഇഷ്ടപ്പെട്ടില്ല. തോട്ടക്കാരന് അവന്റെ തോട്ടതില്‍നിന്നും അമിത പ്രതീക്ഷകള്‍ ആണുള്ളതെന്നും, ഈ വിളകള്‍ നോക്കാന്‍ അയാള്‍ക്ക് പ്രാപ്തി ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തോട്ടക്കാരന്‍ അയാളുടെ സ്വന്തം തോട്ടത്തില്‍ ശ്രദ്ധിച്ചാല്‍ തന്റെ തോട്ടത്തിലെ വിളകള്‍ പരിപാലിക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്നും, അതിനാല്‍ തന്റെ തോട്ടത്തിലെ സ്ഥിര ജോലി തുടരണമെങ്കില്‍ തോട്ടക്കാരന്‍ അയാളുടെ തോട്ടം താന്‍ പറയുന്നത് പോലെ വളര്‍ത്തണം എന്നും യജമാനത്തി അയാളോട് പറഞ്ഞു. അതിനായി തോട്ടക്കാരന്റെ കൊച്ചു തോട്ടത്തിലെ വിളകളെല്ലാം നശിപ്പിച്ചിട്ടു താന്‍ തരുന്ന വിത്തുകള്‍ വിതക്കാന്‍ യജമാനത്തി അയാളോട് ആവശ്യപ്പെട്ടു.
താന്‍ ഓമനിച്ചു വളര്‍ത്തിയ വിളകളെ നശിപ്പിക്കണമെന്ന യജമാനത്തിയുടെ ആവശ്യം കേട്ട് അയാളുടെ മനസ്സ് വിങ്ങി. യജമാനത്തിയുടെ തോട്ടത്തിന് യാതൊരു കുറവും വരുത്താതെ തന്റെ കൊച്ചു തോട്ടം വളര്‍ത്തിക്കൊള്ളാം എന്ന് അയാള്‍ കേണപേക്ഷിച്ചെങ്കിലും അവര്‍ അവയൊന്നും ചെവിക്കൊണ്ടില്ല. ഇത്രയും കാലം കൊണ്ട് യജമാനത്തിയുടെ തോട്ടത്തിലെ ജോലിയും, യജമാനത്തിയെയും അയാള്‍ ജീവനു തുല്യം സ്നേഹിക്കാന്‍ ആരംഭിച്ചിരുന്നു. ആ ജോലിയെയും, യജമാനത്തിയെയും പിരിയുന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. തനിക്കു ഏക ഉപജീവന മാര്‍ഗമായ യജമാനത്തിയുടെ തോട്ടത്തിലെ ജോലിയെയും, അതില്‍ കൂലിയായി മനസ്സ് നിറയെ ലഭിക്കുന്ന സ്നേഹവും, സന്തോഷവും; എല്ലാത്തിനും ഉപരിയായി തനിക്കു ആജീവനാന്ത കാലം യജമാനത്തിയുടെ കൂടെ തോട്ടക്കാരനായി ജീവിക്കാം എന്ന വാഗ്ദാനവും ഓര്‍ത്തപ്പോള്‍ അവരുടെ വാക്കുകള്‍ കേള്‍ക്കുന്നതാണ് ഉചിതമെന്ന് അയാള്‍ക്ക് തോന്നി.
തന്റെ തോട്ടത്തില്‍ മാത്രം വളരുന്ന വിളകളുടെ വിത്തുകളും തൈകളും ആണ് യജമാനത്തി തന്റെ തോട്ടക്കാരന് നല്‍കിയത്. വളരെ വേദനയോടെ ആണെങ്കിലും, താന്‍ വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി വലുതാക്കിയ തന്റെ തോട്ടം വെട്ടി നശിപ്പിച്ച്, അവിടെ അയാള്‍ തന്റെ യജമാനത്തി നല്‍കിയ വിത്തുകളും, തൈകളും നട്ട് വളര്‍ത്തി. തനിക്ക് തന്റെ പ്രിയപ്പെട്ട യജമാനത്തിയുടെ കൂടെ ആജീവനാന്തം ജീവിക്കാം എന്ന ഒരേയൊരു ഓര്‍മ്മ മാത്രമാണ് അയാള്‍ക്ക് ആശ്വാസം നല്‍കിയത്.
വര്‍ഷങ്ങള്‍ കടന്നു പോയി. തോട്ടക്കാരന്‍ തന്റെ യജമാനത്തിയെ ജീവനു തുല്യം സ്നേഹിച്ചു. തന്റെ വിയര്‍പ്പും, ചോരയും കൊടുത്ത് അവരുടെ തോട്ടത്തെയും, അവരെയും അയാള്‍ പരിപാലിച്ചു. തന്റെ കൊച്ചു തോട്ടത്തില്‍, യജമാനത്തി നല്‍കിയ വിളകള്‍ വളര്‍ന്നു വരുന്നത് കണ്ടും അയാള്‍ സന്തോഷിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം യജമാനത്തി തോട്ടക്കാരനെ അടുത്ത് വിളിച്ച്, അയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതായി അറിയിച്ചു. ആ വാക്കുകള്‍ കേട്ട് തോട്ടക്കാരന്‍ തളര്‍ന്നു പോയി. ഇത്രയും കാലം തന്റെ ജീവിതത്തെ മുന്നോട്ടു നയിച്ചിരുന്ന പ്രതീക്ഷകള്‍ തകര്‍ന്നടിയുന്നത് കണ്ടു അയാള്‍ പൊട്ടിക്കരഞ്ഞു. അയാള്‍ തോട്ടത്തെ കുറിച്ചുള്ള പല കാര്യങ്ങളിലും അഭിപ്രായം പറയുന്നതും, തോട്ടത്തിന്റെ പരിപാലനത്തില്‍ അമിതാവേശം കാട്ടുന്നതും, തോട്ടത്തിന്റെ നിയന്ത്രണത്തില്‍ കൈ കടത്താന്‍ ശ്രമിക്കുന്നതുമാണ് അയാളെ പിരിച്ചു വിടാന്‍ കാരണമെന്ന് അയാളുടെ യജമാനത്തി അയാളോട് പറഞ്ഞു. അഭിപ്രായങ്ങള്‍ എല്ലാം തോട്ടത്തിന്റെ നന്മക്കു വേണ്ടി ആയിരുന്നെന്നു അയാള്‍ യജമാനത്തിയെ മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും, ആ വാക്കുകള്‍ ഒന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. തോട്ടത്തിന്റെ നിയന്ത്രണത്തില്‍ കൈ കടത്താന്‍ ശ്രമിക്കുന്നുവെന്നു തോന്നിയത് വരും തെറ്റിധാരണ ആയിരുന്നെന്നും, ഇനി മേലില്‍ ഇത്തരത്തില്‍ ഒന്നിനും ഇടവരാതിരിക്കാന്‍ എന്തും ചെയ്യാമെന്നും തോട്ടക്കാരന്‍ കേണ് അപേക്ഷിച്ചു എങ്കിലും, അതൊന്നും യജമാനത്തി ചെവിക്കൊണ്ടില്ല. തന്നെ ആജീവനാന്തം തോട്ടക്കാരനായി കൂടെ നിര്‍ത്താമെന്ന് വാക്ക് നല്‍കിയത് ഓര്‍മിപ്പിച്ച അയാളെ യജമാനത്തി പരസ്യമായി അപമാനിച്ച് ഇറക്കി വിട്ടു.
"ഇനി എന്ത്?" എന്ന വലിയ ഒരു ചോദ്യ ചിഹ്നവുമായി, കരഞ്ഞു കലങ്ങിയ കണ്ണുകളും, തളര്‍ന്ന മനസ്സുമായി അയാള്‍ തനിക്ക് സ്വന്തമായുള്ള കൊച്ചു തോട്ടത്തിലെത്തി. അപ്പോഴാണ് തന്റെ തോട്ടത്തിലേയ്ക്ക് യജമാനത്തി തന്ന വിളകളെല്ലാം അവരുടെ തോട്ടത്തില്‍ മാത്രം ഉള്ളവയായിരുന്നെന്നും, തന്റെ തോട്ടത്തെ പരിപാലിക്കാന്‍ ആവശ്യമായ വളങ്ങളും സഹായങ്ങളും യജമാനത്തിയില്‍ നിന്നല്ലാതെ മറ്റൊരിടത്ത് നിന്നും കിട്ടില്ലെന്നും അയാള്‍ തിരിച്ചറിഞ്ഞത്. കുറെ കാലങ്ങളായി യജമാനത്തിയില്‍ നിന്ന് സഹായങ്ങള്‍ ഒന്നും ലഭിക്കാതെ അയാളുടെ വിളകളെല്ലാം വാടിതുടങ്ങിയിരുന്നു. തന്റെ എല്ലാ ജീവിത മാര്‍ഗങ്ങളും അടയുന്നു എന്ന് മനസ്സിലാക്കിയ അയാള്‍, ഈയവസ്ഥയില്‍ തനിക്ക് ജീവിക്കണമെങ്കില്‍ യജമാനത്തി കൂടിയേ തീരൂ എന്ന് തിരിച്ചറിഞ്ഞു. തന്നെ തിരിച്ചെടുക്കണം എന്ന് കരഞ്ഞപേക്ഷിച്ചയാല്‍ യജമാനത്തിയുടെ അടുക്കലേക്കു തിരികെ ചെന്നു. തന്റെ ഭാഗത്ത് നിന്ന് യാതൊരു പിഴവുകളും ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കി യജമാനത്തിയോടു തന്നെ ജോലിയില്‍ തിരികെ എടുക്കണമെന്ന് അയാള്‍ യാചിചെങ്കിലും, അവര്‍ അവന്റെ വാക്കുകളെ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഇത്രയും വര്‍ഷങ്ങള്‍ താന്‍ ജീവനു തുല്യം സ്നേഹിച്ച, പരിപാലിച്ച തന്റെ യജമാനത്തി ഒരു ദിവസം തന്നെ തിരികെ വിളിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ അയാള്‍ മാസങ്ങളോളം അവരുടെ തോട്ടത്തിനരികെ കാത്തു നിന്നു.
വളരെയേറെ മാസങ്ങള്‍ക്ക് ശേഷം, ദിവസേന തന്റെ മുന്‍പിലൂടെ പോകുന്ന യജമാനത്തി തന്നെ കണ്ടതായിപ്പോലും നടിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ അയാള്‍, തന്റെ കൊച്ചു തോട്ടത്തിനെ വല്ല വിധേനയും സംരക്ഷിക്കാം എന്നുറപ്പിച്ച് തിരികെ പോകാന്‍ ഒരുങ്ങി. യജമാനത്തി തന്നെ ഇനി ഒരിക്കലും തിരിച്ചെടുക്കില്ല എന്നും, പുതിയ തോട്ടക്കാരനെ സ്ഥിരമായി നിയമിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുകയാണെന്നും അയാള്‍ വേദനയോടെ മനസ്സിലാക്കി. തന്റെ തോട്ടത്തെ വല്ല വിധേനയും പരിപാലിച്ചു പുതിയൊരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു, മാസങ്ങള്‍ക്ക് ശേഷം അയാള്‍ തന്റെ തോട്ടത്തില്‍ തിരികെയെത്തി. അവിടെ കണ്ട കാഴ്ച കണ്ട് അയാള്‍ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. മാസങ്ങളോളം വെള്ളവും, വളവുമില്ലാതിരുന്ന തന്റെ തോട്ടം പാടെ നശിച്ചിരിക്കുന്നു. എല്ലാ വിളകളും ഉണങ്ങി മണ്ണടിഞ്ഞിരിക്കുന്നു. തന്റെ തോട്ടം വെറുമൊരു മരുഭൂമിയായിരിക്കുന്നു. യാഥാര്‍ത്യങ്ങളെ ഉള്‍ക്കൊള്ളാനാവാതെ അയാള്‍ ആ മരുഭൂമിയുടെ നടുവില്‍ തളര്‍ന്നിരുന്നു.
അയാള്‍ തന്റെ ഭൂതകാലജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി. ജീവിതത്തെ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല എന്നയാള്‍ ഓര്‍ത്തു. ഇത് വരെ താന്‍ ഒന്നിനും മുന്‍പില്‍ അടിയറവു പറഞ്ഞിട്ടില്ല. എവിടെയും തളര്ന്നിട്ടില്ല. മരുഭൂമിയിലും പൊന്നു വിളയിക്കുന്ന ഈ ഭൂമിയില്‍ തനിക്കിനിയും പൊരുതി മുന്നെരമെന്നു അയാളുടെ ഉള്ളിലാരോ പറഞ്ഞു. അയാള്‍, വളരെ പ്രയാസപ്പെട്ട് ആണെങ്കിലും, ആ മരുഭൂമിയുടെ നടുവില്‍ നിവര്ന്നെഴുന്നേറ്റു നിന്നു. അപ്പോഴും, കൊടും ചൂട് കൊണ്ട് അയാളുടെ ശരീരം പൊള്ളുന്നുണ്ടായിരുന്നു. ജീവിത യാഥാര്‍ത്യങ്ങളുടെ ചൂട്. പക്ഷെ ഇപ്പോള്‍ പ്രഭാതമായാതെ ഉള്ളൂ എന്നും, ഉച്ചയായാല്‍ ചൂട് ഇനിയും ദുസ്സഹമാവുമെന്നും ഉള്ളിലോര്‍ത്തു എങ്കിലും, അയാളുടെ ചുണ്ടത് ഒരു പുഞ്ചിരി വിടര്‍ന്നു നിന്നു. പ്രത്യാശയുടെ പുഞ്ചിരി.
I know these charecters insideout. bt in my opinion gardner shuldnt have ghanged his charecter. i hope his garden blossoms once again.
ReplyDelete@Tom: We will wish him the best :D... I'm sure that the garden will blossom again...
ReplyDelete