Pages

Tuesday, January 4, 2011

ചിറകൊടിഞ്ഞ തുമ്പി

This was written a few years back during an Onam season. I found the manuscript in my diary recently and thought of sharing it with you all.


ടേപ്പ് റെക്കോര്‍ഡര്‍ തനിയെ ഓഫ്‌ ആയതിന്റെ 'ടക്' ശബ്ദം കേട്ടാണ് ഊണ് മേശക്കരികില്‍നിന്നു എണീറ്റത്. റേഡിയോ അപ്പോഴും ചലച്ചിത്ര ഗാനങ്ങള്‍ പാടിക്കൊണ്ടേയിരുന്നു. ആരോ പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ കാസ്സറ്റ്‌ ഇട്ട് റെക്കോര്‍ടര്‍ ഓണ്‍ ചെയ്തു വച്ചിരുന്നതാവണം. ഞാന്‍ കൈ കഴുകി വീടിനു പുറത്തേക്കിറങ്ങി നടന്നു.

"മനുവേ..." മുറ്റത്തിറങ്ങിയതേ അമ്മയുടെ വിളി വന്നു. "നട്ടുച്ചക്കിതെങ്ങോട്ടാ?"

ഒന്നും മിണ്ടാതെ നടന്നു. പുറത്ത് നല്ല വെയില്‍ ഉണ്ട്. മഞ്ഞ നിറമുള്ള വെയില്‍. ഇളം കാറ്റ്‌ വെയിലിന്‍റെ ചൂടിനെ ആട്ടിയകറ്റി കൊണ്ടിരുന്നു. വഴിയരികിലെ കാക്കപ്പൂവുകളുടെ നീല നിറത്തിനിടയിലൂടെ ഒരു ചിറകൊടിഞ്ഞ തുമ്പി കിടന്നു പിടയ്ക്കുന്നത് കണ്ടു.

"പാവം", ഞാന്‍ വിചാരിച്ചു. അടുത്തു ചെന്ന് തുമ്പിയെ എടുക്കണമെന്നു വിചാരിച്ച് പൊന്തയിലേക്ക് നടന്നു. പെട്ടെന്ന് പൊന്തയില്‍ ഒരനക്കം. ഒരു ചേരപ്പാമ്പാണ്. ഒന്നു ഞെട്ടി. പാമ്പ് തലയുയര്‍ത്തി "ഒന്നു വെയില്‍ കായാനും സമ്മതിക്കില്ലേ?" എന്നൊരു മുഖഭാവത്തോടെ നോക്കിയിട്ട് താഴേക്ക്‌ ഇഴഞ്ഞുപോയി.

ശ്വാസം നേരേ വീണതപ്പോഴാണ്. ചിറകൊടിഞ്ഞ തുമ്പിയെ മറന്ന് വഴിയുടെ എതിര്‍വശത്തുകൂടി മുമ്പോട്ടു നടന്നു. തേഞ്ഞു തീരാറായ റബ്ബര്‍ചെരുപ്പിനുള്ളിലൂടെ റോഡിലെ ചൂട്‌ കയറി കാല്‍പാദം പൊള്ളുന്നുണ്ട്. ടാറിങ്ങില്‍നിന്ന് മാറി ഇളം പുല്ലിലൂടെ നടന്നു. ഇപ്പോള്‍ കാലിനു നല്ല സുഖം തോന്നുന്നുണ്ട്. വെയിലിനു മഞ്ഞനിറം കൂടിക്കൂടി വന്നു.

അല്പം മാറി മുന്‍പിലായി ഒരു കൊങ്ങിണിക്കാട് കാണാറായി. നിറയെ പൂക്കളും. ഏതോ രണ്ടു പെണ്‍കുട്ടികള്‍ പ്ലാസ്റ്റിക്‌ കൂടുകളില്‍ മഞ്ഞപ്പൂക്കള്‍ പറിച്ചിട്ടുകൊണ്ടുപോകുന്നുണ്ട്. ഞാന്‍ പോക്കെറ്റില്‍നിന്ന്‍ കുറച്ചു കൂടുകള്‍ വലിച്ചെടുത്ത് കൊങ്ങിണിക്കാട്ടിലേക്ക് നടന്നു. കൊങ്ങിണിചെടികള്‍ക്ക് മുകളില്‍ തടിയന്‍ തുമ്പികള്‍ പാറി നടന്നു. മഞ്ഞവെയിലില്‍ അവയുടെ ചിറകുകള്‍ തിളങ്ങി.

പൊന്തയിലെ ചിറകറ്റ തുമ്പിയെ ഓര്‍മ്മ വന്നു. അതും തടിയനായിരുന്നു. ഈ തുമ്പികളുടെ കൂടെ ഉണ്ടായിരുന്നതാവണം ആ തടിയനും. അതിന്‍റെ ചിറകുകള്‍ മറ്റേതെങ്കിലും തടിയന്‍ പറിച്ചുകളഞ്ഞതായിരിക്കും. പക്ഷെ പറിച്ചു കളയാന്‍ അതിന് കൈകളുണ്ടോ? പിന്നെ ആ തുമ്പിയുടെ ചിറകുകള്‍ക്ക് എന്ത് പറ്റിയതാവണം?
"പ്രായമായി നടക്കാനും എടുക്കാനുമൊക്കെ മേലാതാവുമ്പോ ആര്‍ക്കും വേണ്ടാതാവും" - മരിക്കുന്നതിനു മുന്‍പ് മുത്തശ്ശി പറഞ്ഞതോര്‍മ വന്നു. ആ തുമ്പിയേയും അതിന്‍റെ മക്കള്‍ വയസ്സായപ്പോള്‍ പൊന്തയില്‍ ഉപേക്ഷിച്ചതായിരിക്കും. ഏയ്‌, അതിന് വഴിയില്ല. മുത്തശ്ശി അങ്ങനെ പറഞ്ഞെങ്കിലും അച്ഛനും അമ്മയും അവരെ മരണം വരെ നന്നായി നോക്കിയിരുന്നല്ലോ.
ചിലപ്പോള്‍ അത് അച്ഛനും അമ്മയും പറയുന്നതനുസരിക്കാത്ത കുട്ടിതുമ്പിയാവാനും വഴിയുണ്ട്. അങ്ങനെ ഉള്ള കുട്ടികളുടെ കൈയും കണ്ണും ചൂഴ്നെടുക്കാന്‍ പിശാച് വരുമെന്ന് പണ്ട് അമ്മ പറയാറുണ്ടായിരുന്നു.

"ആരെടാ കൊങ്ങിണിക്കാട്ടില്‍?"
ഒരു പരുക്കന്‍ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി... ബിനോയ്‌ ചേട്ടന്‍ !!!

"പേടിച്ചു പോയി, അല്ലേ?", വെളുക്കെ ചിരിച്ചുകൊണ്ട് ഇടത്തെ തോളിലെ ചെണ്ട വലത്തേ തോളിലേക്ക് മാറ്റി ഏട്ടന്‍ ചോദിച്ചു.

"ഊം", ഞാന്‍ മൂളി.

"ഇപ്പോളും പൂ പറിച്ചു നടക്കുവാണോ? കളമിട്ടു കഴിഞ്ഞില്ലേ?"

"ഊം", ഞാന്‍ വീണ്ടും മൂളി. എന്തിനാണു മൂളിയതെന്ന് മനസ്സിലായില്ല. കളമിട്ടെന്നോ അതോ ഇട്ടില്ലെന്നോ?

"മനൂന്റെ ഏട്ടനും കൂട്ടരും പുലി കളിക്കാന്‍ ഇറങ്ങിയിട്ടുണ്ടല്ലോ. ഇയാളെന്താ പോവാത്തെ?", ഏട്ടന്‍ ചോദിച്ചു.

ഞാന്‍ ഒന്നും മിണ്ടിയില്ല. പുലി കളിക്കാന്‍ പോരട്ടേ എന്ന് എട്ടനോട് ചോദിച്ചതാണ്. താന്‍ കുട്ടിയാണത്രേ. വളര്‍ന്നു കഴിയുമ്പോള്‍ പുലി കളിപ്പിക്കാമെന്നു. ഒന്‍പതു വയസ്സുകാരന്‍ അത്ര കുട്ടിയാ? എന്തായാലും അടുത്ത വര്‍ഷം താന്‍ പുലി കളിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചു.

"ഞാന്‍ പോട്ടെ. ഞാനവിടെ ചെന്നിട്ട് വേണം മേളം തുടങ്ങാനും പുലി കളിക്കാനും ഒക്കെ. മനു പോരുന്നോ പള്ളിക്കലേക്ക്?", കണ്ണു കൊണ്ടും ഒരു ചോദ്യം എറിഞ്ഞിട്ടു ബിനോയ്‌ ചേട്ടന്‍ മുന്നോട്ടു നടന്നു.

ഞാന്‍ ഉത്തരമൊന്നും പറയാതെ റോഡിന്‍റെ മറുവശത്തേക്കു പോയി ഒരു കലുങ്കില്‍ ഇരിപ്പായി. അങ്ങു താഴെ പുഴയില്‍ കുറേ കുട്ടികള്‍ വെള്ളമെറിഞ്ഞു കളിക്കുന്നു. അവരെറിഞ്ഞ വെള്ളം പുഴയിലേക്ക് തിരികെ വീണു, ഓളങ്ങള്‍ ഉണ്ടാക്കി, വീണ്ടും ഒഴുകി... കല്ലുകളിലും, പാറയിലും തട്ടി... പതഞ്ഞ്... ഉച്ചവെയിലില്‍ തിളങ്ങി, പിന്നേയും മുന്നോട്ടൊഴുകി.

"പൂ... യ്...", ഞാന്‍ ഉറക്കെ കൂവി.

താഴെ പുഴയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കൂവല്‍ കേട്ട് കളി നിര്‍ത്തി ഒരു നിമിഷം മേലോട്ട് നോക്കി.

"കൂ... യ്...", മറുകൂവല്‍ വന്നു.... എന്റെ ചുണ്ടില്‍ ചെറിയൊരു ചിരി വിടര്‍ന്നു.

"പൂ... യ്...", ഞാന്‍ വീണ്ടും കൂവി.

വീണ്ടും മറുകൂവല്‍...

കുറേ കൂവലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ആയപ്പോള്‍ ഞാന്‍ കുലുങ്ങിചിരിക്കാന്‍ തുടങ്ങി... എന്തിനാണെന്നറിയില്ല, വീണ്ടും വീണ്ടും കൂവി.... വീണ്ടും വീണ്ടും ചിരിച്ചു...

കുറേ കഴിഞ്ഞു കൂവല്‍ മതിയാക്കി പതിയെ തിരിഞ്ഞു. വഴിയില്‍ കിടന്നൊരു കല്ലെടുത്ത് പുഴയിലേക്കെറിഞ്ഞു.

"ബ്ളും..." ശബ്ദം കേട്ട് തുരുത്തില്‍ വിശ്രമിച്ചിരുന്ന ഒരുകൂട്ടം പക്ഷികള്‍ പറന്നു പോയി.

ദൂരെ നിന്നും ചെണ്ട മേളം കേട്ടുതുടങ്ങി. എന്തൊക്കെയോ മത്സരഫലങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നത് ഇപ്പോള്‍ കേള്‍ക്കാനില്ല. പെട്ടെന്ന് പൂക്കളുടെ കാര്യമോര്‍ത്തു. തിരികെ ചെന്ന് കൊങ്ങിണിക്കാട്ടില്‍ ഇട്ടിരുന്ന കൂടുകളില്‍ പലനിറത്തിലുള്ള പൂക്കള്‍ പറിക്കാന്‍ തുടങ്ങി. ഘോഷയാത്ര എത്തുന്നതിനു മുന്‍പേ പൂക്കളം മുഴുമിക്കണം; ഞാന്‍ മനസ്സിലോര്‍ത്തു.
പറിച്ചു കൊണ്ടിരുന്ന പൂക്കളിലേക്ക് നോക്കി. ഞാന്‍ സ്കൂളില്‍ പഠിച്ച നിറങ്ങളുടെ പേരുകളൊന്നും ഇവയ്ക്ക് ചേരുന്നില്ല... ചിലതിനു സൂര്യാസ്തമയത്തെ ആകാശത്തിന്റെ നിറം... ചിലതിന് കഴിഞ്ഞ ദിവസം ഗീത ടീച്ചര്‍ ചുറ്റിയിരുന്ന സാരിയുടെ നിറം... മറ്റു ചിലതിന്.... തന്റെ കൂട്ടുകാരി സ്കൂളിലെ ഓണാഘോഷത്തിനു ധരിച്ചിരുന്ന പാവാടയുടെ നിറം... അനഘയെക്കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് ചെറിയൊരു നാണം വന്നോ എന്നൊരു സംശയം...

അങ്ങകലെ പള്ളിമുറ്റത്ത് മേളം മുറുകിത്തുടങ്ങി. വഴിയിലൂടെ ഓണക്കൊടിയൊക്കെ ഉടുത്ത് കുട്ടികളും അമ്മമാരും നടന്നുപോകുന്നുണ്ട്. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പള്ളിയിലെക്കായിരിക്കും. ഘോഷയാത്ര തുടങ്ങുന്നത് പള്ളിമുറ്റത്ത് നിന്നാണെന്ന് കുറച്ചു മുന്‍പ് വരെ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

തനിക്കിത്തവണ ഓണക്കോടിയില്ല... അച്ഛനോട് ചോദിച്ചപ്പോള്‍ അച്ഛന്‍ എന്റെ മുഖത്ത് പോലും നോക്കാതെ, ഒന്നും മിണ്ടാതെ, തിരിഞ്ഞിറങ്ങിപ്പോയി. വീട്ടുപടിക്കല്‍ നിന്നു തിരിഞ്ഞപ്പോള്‍ അച്ചന്റെ കണ്ണു നിറയുന്നത് കണ്ടു. ഓണക്കോടി ചോദിച്ചതിന് അച്ചനെന്തിനാ കരയുന്നേ? എനിക്കൊന്നും മനസ്സിലായില്ല. തിരിഞ്ഞ് അമ്മയെ നോക്കിയപ്പോള്‍ അമ്മയും വീട്ടിനുള്ളിലേക്ക് കയറിപ്പോയി. ഏതായാലും ഓണക്കൊടിയില്ലാതെ ഘോഷയാത്രക്കില്ലെന്ന് ഞാന്‍ അന്നേ ഉറപ്പിച്ചതാണ്.

ഓണപ്പുടവ ഉടുത്ത് ഒരു സുന്ദരിക്കൂട്ടം വഴിയിലൂടെ വരുന്നുണ്ട്. തിരുവാതിരകളിക്കായുള്ള പോക്കാണ്. പിറകേ കുറേ ആണ്‍പിള്ളേരും. ആണ്‍കുട്ടികളെ നോക്കി, "ഇവനൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ" എന്നൊരു ഭാവവുമായി രണ്ടു മദ്ധ്യവയസ്കര്‍ കടന്നു പോയി. ഞാന്‍ പറന്നു കളിക്കുന്ന ശലഭങ്ങള്‍ക്കും തുമ്പികള്‍ക്കുമിടയില്‍ നിന്നു പൂക്കളിറുത്തുകൊണ്ടേയിരുന്നു.

വഴിയില്‍ ആളുകള്‍ ഇല്ലാതായി. ഉച്ചഭാഷിണിയുടെയും ചെണ്ടമേളത്തിന്റെയും ശബ്ദം നിലച്ചു. അങ്ങ് ദൂരെ നിന്നും തിരുവാതിരപ്പാട്ടുകള്‍ പതിഞ്ഞു കേള്‍ക്കാം. ഇളം കാറ്റില്‍ കയ്യിലിരുന്ന പ്ലാസ്റ്റിക്‌ കൂടുകള്‍ കലപില കൂട്ടി. ശാന്തമായ്‌ നിന്ന് പുഴയുടെ ശബ്ദവും, കാറ്റിലാടുന്ന ഇലകളെയും ശ്രദ്ധിച്ചു. പുഴയില്‍ കളിച്ചിരുന്ന കുട്ടികളൊക്കെ കയറിപ്പോയിരിക്കുന്നു. ഒരു ചെറുകിളി ഏതോ മരക്കൊമ്പിലിരുന്ന് ഓണപ്പാട്ട് പാടുന്നുണ്ട്. പൂക്കൂടുകള്‍ നിലത്ത് വച്ച് ഒരു കല്ലിന്‍ചുവട്ടില്‍ ഇരുന്നു. അങ്ങകലെ, നീലാകാശത്ത്‌ ഒരു പട്ടം പാറിക്കളിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ ശബ്ദം ശ്രദ്ധിച്ച് ചാരിയിരുന്നു... പൂക്കളം മറന്നു... പുലികളി മറന്നു... ഓണക്കോടിയും മറന്നു...

ചെണ്ടമേളം അടുത്തെത്തിയ ശബ്ദം കേട്ടാണ് സുബോധത്തിലേക്ക് വന്നത്. ഘോഷയാത്ര വഴിയുടെ അങ്ങേ തിരിവിലെത്തിയിരിക്കുന്നു. കൊമ്പന്‍ മീശയും, ഓലക്കുടയുമായി മാവേലിമന്നന്‍ മുന്‍പേ നടക്കുന്നുണ്ട്. തൊട്ടു പിറകേ താലപ്പൊലികളുമായി ഒരു കൂട്ടം സുന്ദരികളും. ഘോഷയാത്ര ഇങ്ങടുത്തെത്താറായി.

പൂക്കളുമെടുത്തു വീട്ടിലേക്കോടി. മാവേലി വരുന്നതിനു മുന്‍പ്‌ താന്‍ പാതിയാക്കി വച്ചിരിക്കുന്ന പൂക്കളം മുഴുമിക്കണം. വീണ്ടും വേഗം കൂട്ടി ഓടി. മുന്‍പില്‍ ഒരു കല്ല്‌ കിടക്കുന്നത് കണ്ടതും, അതില്‍ തട്ടിയതും ഒന്നിച്ചായിരുന്നു.

"അമ്മേ......"
.......

മനോഹര്‍ വീടിന്റെ ഉമ്മറത്തിട്ടിരുന്ന ചാരുകസേരയില്‍നിന്ന് ഞെട്ടിയുണര്‍ന്നു.

"എന്ത് പറ്റി മനുവേട്ടാ?...", ഭാര്യ വീട്ടിനുള്ളില്‍നിന്ന്‍ പുറത്തേക്കോടിവന്നു ചോദിച്ചു.

അയാളാകെ വിയര്‍ത്തിരുന്നു. വലതു കൈയുയര്‍ത്തി അയാള്‍ നെറ്റിയിലെ മുറിപ്പാടില്‍ മെല്ലെ തലോടി.

"ഏയ്‌, ഒന്നുമില്ല... ഒരു സ്വപ്നം... കുടിക്കാന്‍ ഒരിത്തിരി വെള്ളമെടുക്ക്", അയാള്‍ ഭാര്യയോട് പറഞ്ഞു.

തിരുവോണദിന ചലച്ചിത്രം നിങ്ങള്‍ക്കായി അവതരിപ്പിച്ചവരുടെ നീണ്ട നിര അകത്തു ടെലിവിഷന്‍ വിളിച്ചു പറയുന്നുണ്ട്. പുറത്തു ചെണ്ടമേളം കേട്ട് അയാള്‍ വഴിയിലേക്ക് നോക്കി. സ്ഥലത്തെ പ്രധാന സ്വര്‍ണക്കടയുടെ പരസ്യവാഹനത്തിലെ ഉച്ചഭാഷിണിയില്‍നിന്നാണ്. അയാള്‍ ഒന്ന് പുഞ്ചിരിച്ചു, എന്തോ ഓര്‍മയില്‍. അകത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന വീഡിയോഗൈമിന്റെ ഇരമ്പല്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. ചെടിച്ചട്ടിയിലെ റോസാപ്പൂവ് പൊഴിഞ്ഞതിന്റെ ഇതളുകള്‍ മുറ്റത്ത്‌ പാകിയ തറയോടുകളില്‍ ചിതറിക്കിടന്നു.

അയാള്‍ മുറ്റത്തേക്ക് നോക്കി എന്തോ ചിന്തിച്ചിരുന്നു. സ്വര്‍ണക്കടയുടെ പരസ്യവാഹനം എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. എവിടെനിന്നോ ഒരു ചിറകറ്റ തടിയന്‍ തുമ്പി അയാളുടെ മുന്‍പില്‍, മുറ്റത്തേക്ക് വന്നു വീണു. അതിന്റെ കൂട്ടുകാരെ അയാള്‍ അവിടെയെങ്ങും കണ്ടില്ല.

അപ്പോഴും, വെയിലിന് മഞ്ഞനിറംതന്നെയായിരുന്നു....

1 comment:

  1. Wow! Great!!! While reading the Child Manu's thoughts, I went back to my childhood memories!! :D Thanks bro, for postin!!!

    ReplyDelete