Pages

Monday, November 12, 2012

അന്ന് പെയ്ത മഴ

"ഇന്നലെ ഞാന്‍ നിന്നെ സ്വപ്നം കണ്ടാണ് ഉറങ്ങിയത്."
"അങ്ങനെ എന്നെ സ്വപ്നം കണ്ടുറങ്ങരുതെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ? ഇനി കണ്ടേക്കരുത്."
"അതെന്താ അങ്ങനെ?"
"അങ്ങനെ നീ എന്നെ സ്വപ്നം കാണണ്ട. സ്വപ്നം കാണാനല്ലേ പറ്റൂ, എന്നെ കെട്ടാനൊന്നും നിനക്ക് പറ്റില്ലല്ലോ?!", അവള്‍ പരിഭവം ഭാവിച്ചു.
ഞാനൊന്നും മിണ്ടിയില്ല.
"എന്ത് പറ്റി മിണ്ടാട്ടം നിന്ന് പോയത്?", അവള്‍ വിടാന്‍ ഭാവമില്ല.
"നിനക്കറിയാമല്ലോ, പിന്നെന്തേ ചോദിക്കാന്‍? ഇങ്ങനെ പ്രണയത്തിന്റെ സുന്ദരനിമിഷങ്ങളില്‍ ഇതൊക്കെ പറയിച്ച് അതിന്റെ രസം കളയണോ?"
"ഉവ്വ ഉവ്വ, ഇനി അങ്ങനെ പറഞ്ഞാല്‍ മതി."
"എന്തുവ്വ? ഈ വര്‍ത്തമാനം മാത്രമല്ലേയുള്ളൂ. പറയുന്നത് കേട്ടാല്‍ തോന്നും ഞാന്‍ സമ്മതിക്കേണ്ട നിമിഷം എന്നെ നീയങ്ങു കെട്ടുമെന്ന്."
മറുപടിയായി അവള്‍ ചിരിച്ചു. ഉറക്കെ, മനസ്സ് തുറന്ന് ചിരിച്ചു. മനസ്സില്‍ നിന്നെന്തോ മറക്കാന്‍ വേണ്ടി, മനസ്സ് തുറന്ന് ചിരിക്കാനായി ചിരിച്ചു. എന്‍റെ ആത്മാവിനെ പുഞ്ചിരിപ്പിക്കുന്ന, തണുപ്പിക്കുന്ന, കെട്ടഴിച്ചു വിടുന്ന, ആ മാലാഖച്ചിരി.
"നീയിന്നു മഴ നനഞ്ഞോ?"
"നനഞ്ഞു. ചെറിയൊരു ചാറ്റല്‍മഴ. എന്തേ ചോദിക്കാന്‍?", അവള്‍ തെല്ലൊരത്ഭുതത്തോടെ ചോദിച്ചു.
"ആ മഴത്തുള്ളികള്‍ നിന്നെ എന്‍റെ അടുക്കലേക്ക് കൊണ്ടുവന്നു. മഴ തോര്‍ന്നപ്പോള്‍ എനിക്ക് നിന്നെ കാണാം. പുഴവെള്ളത്തില്‍ നിന്റെ രൂപം അങ്ങനെ തുള്ളിക്കളിക്കുന്നുണ്ട്."
"അതെയതെ... എനിക്കീ മഴത്തുള്ളികളില്‍ നിന്നെയും കാണാം. ഇത്ര ചെറിയ മഴതുള്ളിക്കുള്ളില്‍ നീയെങ്ങനാ ഇരിക്കുന്നേ? അതിനകത്ത് ഭയങ്കര തണുപ്പായിരിക്കുമല്ലേ?", അവള്‍ എന്നെ കളിയാക്കിചിരിച്ചുകൊണ്ട്‌ പറഞ്ഞു. അവളുടെ ശബ്ദത്തില്‍ പ്രണയത്തിന്‍റെ ലാഞ്ചന.
"നിനക്ക് ഭ്രാന്താണ്", അവള്‍ പറഞ്ഞു. "ഇന്നലെ ഞാന്‍ കണ്ട സിനിമയിലെ ഭ്രാന്തന്‍ നായകന്‍ പ്രേമം തലയ്ക്കുപിടിച്ച് കാട്ടിക്കൂട്ടുന്നതുപോലെയാ നിന്റെ കാട്ടായങ്ങള്‍ ."
"സിനിമയിലെ നായകന്‍., അത് കൊള്ളാം." ഞാന്‍ ചിരിച്ചു. "പ്രണയം ഒരുതരം ഭ്രാന്താണ് പെണ്ണേ; ഒരുതരം ഉന്മാദം. പ്രണയിക്കുന്നവനു മാത്രം ആസ്വദിക്കാവുന്ന ഒരു ലഹരി. അതില്‍ ഇങ്ങനെ ആറാടി നടക്കുമ്പോള്‍ ഉള്ള ലോകത്തിനാണ് ഈ പറുദീസാ എന്നൊക്കെ പറയുന്നത്."
"ഉവ്വ, ഞാന്‍ പറഞ്ഞ കഥാപാത്രത്തിന് യഥാര്‍ഥത്തില്‍ ഭ്രാന്തായിരുന്നു. ആ ഭ്രാന്തന്‍ പ്രണയിച്ച കാര്യമാണ് ഞാന്‍ പറഞ്ഞത്."; അവള്‍ കളിയാക്കി.

പെരിയാറിന്‍റെ കരയില്‍ , മൂടിക്കെട്ടിയ ആകാശത്തിന് കീഴെയിരുന്ന്‍ അവളുടെ രൂപം ഞാന്‍ വെള്ളത്തില്‍ നോക്കിക്കണ്ടു. മുഖം മറഞ്ഞ്, സര്‍വാഭരണ ഭൂഷിതയായി അവള്‍ പെരിയാറിന്‍റെ ഓളങ്ങളില്‍ ഇളകി നിന്നു.
"ഇതെന്താ ഈ കുട്ടിയുടുപ്പിന്റെ മേലെ ഇത്രയും ആഭരണങ്ങള്‍ ഒക്കെ ഇട്ടു നില്‍ക്കുന്നത്? എന്താ നിന്റെ ഉദ്ദേശ്യം?"
"കല്യാണത്തിന് വേണ്ടി വാങ്ങിയ ആഭരണങ്ങളാ. വെറുതെ ഒന്ന് ഇട്ടു നോക്കിയതാ. എങ്ങനെയുണ്ട്?"
"കൊള്ളാം, ചിലതൊക്കെ അത്രക്കങ്ങു പോര." നെഞ്ചിലൂടെ പോയ നൊമ്പരം അറിഞ്ഞില്ലെന്നു നടിച്ചു.
"ഇനി ഒരു ചെക്കനെക്കൂടെ കിട്ടിയാല്‍ കല്യാണം നടത്താമായിരുന്നു.", അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇന്നലെക്കണ്ട സിനിമയിലെ നായകനെപ്പോലെ, പ്രേമം തലയ്ക്കുപിടിച്ച ഒരു ചെക്കനില്ലേ? നിന്നോടുള്ള പ്രേമം കൊണ്ട് ഭാന്ത് പിടിച്ചെന്നു നീ പറയുന്ന ഒരു ചെക്കന്‍?"
"അവന് ഭ്രാന്ത് പിടിച്ചില്ലേ? ഇനിയിപ്പോ എന്ത് ചെയ്യാനാ? അല്ലേലും, അങ്ങനെ പ്രേമം തലക്കുപിടിച്ചവരെ ഒക്ക അങ്ങ് കെട്ടാന്‍ പറ്റുമോ, പ്രത്യേകിച്ചും എന്നെപ്പോലുള്ള ഒരു സുന്ദരിക്കുട്ടിക്ക്? എത്ര പേരുണ്ടാവും, അല്ലെ?", അവള്‍ കളി പറഞ്ഞു ചിരിച്ചു. എന്‍റെ ആത്മാവില്‍ മഴ പെയ്യിക്കുന്ന അതേ മാലാഖച്ചിരി.
"ശരിയാ, സുന്ദരിയായിട്ടുണ്ട്. കഴുത്തിനൊക്കെ ഇപ്പൊ വല്ലാത്തൊരു വശ്യത. ഞാനവിടെ അടുത്തില്ലാത്തത് നന്നായി, അല്ലെങ്കില്‍ എന്‍റെ കൈകള്‍ക്കെങ്കിലും നിയന്ത്രണം വിട്ടേനേ."
"അയ്യട!!! ഞാനല്ലേലും സുന്ദരിയല്ലേ? അല്ല, കഴുത്തിനെന്താ ഇപ്പൊ ഒരു പ്രത്യേക വശ്യത?", അവള്‍ ചൊടിച്ചുകൊണ്ട് ചോദിച്ചു. വാക്കുകളില്‍ പ്രണയത്തില്‍ കുതിര്‍ന്ന നാണം പ്രകടമായിരുന്നു.
"കഴുത്തിന്‌ അല്ലേലും ഒരു പ്രത്യേക വശ്യതയില്ലേ? അതുപോലെ കണ്ണുകള്‍ , ചുണ്ടുകള്‍ , പുറം, അര,..."
"മതി മതി മതി മതി. സൗന്ദര്യ വിശദീകരണം അത്രയും മതി.", എന്നെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അവള്‍ പറഞ്ഞു. "ഇതാണ് എന്നെ സ്വപ്നം കാണാന്‍ നിന്നെ ഞാന്‍ സമ്മതിക്കാത്തത്.", പറഞ്ഞതിലൊരു സൃന്ഗാരച്ചുവ.
ഞങ്ങള്‍ പരസ്പരം കണ്ണുകളില്‍ നോക്കി ചിരിച്ചു.

"കെട്ടിപ്പിടിച്ചൊരു ഉമ്മ തരട്ടേ?", ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം ഞാന്‍ ചോദിച്ചു.
"അതിനെന്താ? പുഴവെള്ളത്തില്‍ അല്ലേ എന്നെ കാണുന്നെന്നു പറഞ്ഞത്? അങ്ങോട്ട്‌ ചാടി കേട്ടിപ്പിടിക്കുകയോ, ഉമ്മവയ്ക്കുകയോ, എന്താന്ന് വച്ചാല്‍ ആയിക്കോ."
"ഓഹോ, അപ്പൊ അങ്ങനയെ ഒള്ളു! പാവം ഞാന്‍, അല്ലേ?"
"അതെയതെ, പാവം തന്നെ. നീയിങ്ങനെ പ്രണയപരവശനായി എന്നെ കെട്ടിപ്പിടിച്ചാല്‍ ഞാന്‍ നിന്റെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടി ചത്ത്‌ പോകില്ലേ എന്‍റെ കുട്ടാ? നിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ എന്‍റെ എല്ലുകളൊക്കെ ഒടിഞ്ഞു പോകും. ഞാന്‍ ചത്ത്‌ പോയാല്‍ പിന്നെ നിനക്കാരാ ഉള്ളത്?", അവള്‍ പ്രണയവാത്സല്യത്തോടെ കളി പറഞ്ഞു.
"ധൃതരാഷ്ട്രാലിംഗനം! എന്നുവച്ചാല്‍ എന്താ? ഇതൊക്കെ നീ എവിടന്നു പഠിച്ചു?"
ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു. പ്രണയം കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടുകയായിരുന്നു. ആ വീര്‍പ്പുമുട്ടലില്‍ എന്‍റെ നെഞ്ചിനും, തൊണ്ടയ്ക്കുമിടയില്‍ വല്ലാത്തൊരു വേദന പോലെ തോന്നി. എന്നിട്ടും ഞാന്‍ അവളുടെ കൂടെ ചിരിച്ചു. അവള്‍ അകന്നുപോകുന്നതിനു മുന്‍പ് അവളോടൊപ്പം ആവുന്നത്ര ചിരിക്കാന്‍, ആവുന്നത്ര പ്രണയിക്കാന്‍ .

ഇരുണ്ടുനിന്ന ആകാശത്തെ പൊടുന്നനെ മിന്നല്‍പിണരുകള്‍ പിളര്‍ന്നു. മിന്നല്‍പിണരുകള്‍ കൊണ്ട് വന്ന ഇടിമുഴക്കം അവളുടെ ചിരിശബ്ദം മായ്ച്ചുകളഞ്ഞു. തുലാമാസമേഘങ്ങളുടെ ശക്തി മുഴുവനും ആവാഹിച്ച് മഴ തിമിര്‍ത്തു പെയ്തു തുടങ്ങി. മഴത്തുള്ളികള്‍ പെരിയാറിന്‍റെ ജലപ്പരപ്പില്‍ നൃത്തം ചവിട്ടി അവളുടെ മുഖം മായ്ച്ചുകളഞ്ഞു. കണ്ണുകളില്‍ മഴവെള്ളം. ഒന്നും വ്യക്തമായി കാണാന്‍ കഴിയുന്നില്ല. അവളുടെ ശബ്ദത്തിനായി ഞാന്‍ കാതോര്‍ത്തു. മഴയുടെ ഇരമ്പലും, മേഘഗര്‍ജനങ്ങളും മാത്രം. സ്നേഹം കൊണ്ടുള്ള വീര്‍പ്പുമുട്ടലിന്റെ വേദന നെഞ്ഞുപിളര്‍ന്നു തുടങ്ങി. ഗദ്ഗദങ്ങള്‍ കണ്ണീരിനെ ബലമായി പുറത്തേക്ക് തള്ളി. പുറത്തേക്ക് നിലക്കാതെ ഒഴുകിയ മിഴിനീരിനെ ലോകം കാണുന്നതിനു മുന്‍പേ തുലാമഴ ഒഴുക്കിക്കൊണ്ടു പോയി. ഞങ്ങളുടെ പ്രണയ ദൃശ്യങ്ങള്‍ കൈമാറിയ മഴത്തുള്ളികള്‍ ഇപ്പോള്‍ എന്‍റെ കവിളത്ത് കുത്തിവേദനിപ്പിച്ചുകൊണ്ടിരുന്നു.

കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞ് ആറ്റുതീരത്ത് ഞാന്‍ കാത്തിരുന്നു; മഴ മാറി മാനം തെളിയാന്‍ . അവളുടെ ശബ്ദം വീണ്ടും കേള്‍ക്കാന്‍, അവളുടെ രൂപം വീണ്ടും കാണാന്‍; പക്ഷെ മഴ പെയ്തുകൊണ്ടേയിരുന്നു. തുലാമാസം കഴിഞ്ഞു, തുലാമഴ കാലംതെറ്റി പെയ്ത വൃശ്ചികം കഴിഞ്ഞു, ധനുവും മകരവും മരം കോച്ചുന്ന തണുപ്പ് കൊണ്ടുവന്നു; എന്നിട്ടും അന്ന് പെയ്ത മഴ തോര്‍ന്നില്ല. കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു ഞാന്‍ . അവള്‍ക്കു വേദനിക്കാതെ ഞാന്‍ അവളുടെ ഓര്‍മകളെ ആശ്ലേഷിച്ചെങ്കിലും, അവ എന്‍റെ ഹൃദയത്തെ കുത്തിനോവിച്ചു. അവള്‍ക്കായുള്ള പ്രണയചുംബനങ്ങള്‍ നെറുകയിലും, കണ്ണുകളിലും, ചുണ്ടുകളിലും, കഴുത്തിലും നല്‍കാതെ ഞാന്‍ അവളുടെ ഹൃദയത്തില്‍ സമര്‍പ്പിച്ചു. എന്‍റെ പ്രണയശകലങ്ങളെ മഴ ഒപ്പിയെടുത്തുകൊണ്ട് പോയി. പെരിയാറ്റിലൂടെ, ഇടുക്കി ജലാശയത്തിന്റെ കൊടുംതണുപ്പിലൂടെ, ആലുവാ മണല്‍പ്പരപ്പിലൂടെ അറബിക്കടലിലേക്ക്. അവിടെ നിന്നും സൂര്യരശ്മികളുടെ കൂട്ടുപിടിച്ച് എന്‍റെ പ്രണയം മേഘങ്ങളിലേക്ക് ചേക്കേറി. മേഘങ്ങളുടെ ഉയരത്തില്‍നിന്ന് അവളെവിടെയെന്നു വീണ്ടും കാണാന്‍, മഴയായ്‌ പെയ്ത് അവളുടെ മേലും, മനവും കുളിര്‍പ്പിക്കാന്‍, ചുണ്ടുകളെ ചുംബിച്ച് അവളുടെ ദാഹം ശമിപ്പിക്കാന്‍ . മധുവിധു രാത്രികളില്‍ മൈഥുനാലസ്യത്തില്‍ മയങ്ങുന്ന അവളുടെ രോമകൂപങ്ങളില്‍നിന്നു വിയര്‍പ്പായിപ്പൊടിഞ്ഞ്, അവളുടെ നഗ്നമേനിയെ ചുംബിച്ച്തണുപ്പിക്കാന്‍ . അവിടെനിന്നും വീണ്ടും മരണമില്ലാത്ത കാലച്ചക്രത്തിലേറി എന്‍റെ പ്രണയം സഞ്ചരിക്കും. അനന്തതിയിലേക്ക്.

6 comments:

  1. You have the spark. Light it up

    ReplyDelete
    Replies
    1. Thank you! :)
      I hope these inspires me to write more craziness! ;)

      Delete
  2. Loved this one to the core.... keep writing...:)

    ReplyDelete
    Replies
    1. Glad you liked it! Thank you! :)
      A proper reply is already sent through the right channel! ;)

      Delete
  3. Wow!!! Kollameda..... Kidilam.... Nalla kaaavyathmagamaaya vakkukaliloode prekshante manassilekku oooolayittirangunna chattuli polulla varikal.... Keep writing.... Pinne ithellam final oru samaharam aakkam.... Veruthe irikkumbolokke vayichu nokkamallo!!!!

    ReplyDelete
    Replies
    1. Thanks aliya!!! :D
      ഓവര്‍ ആക്കല്ലേ! :P
      സമാഹാരമായി ഇവടെ കെടപ്പില്ലേ? നീ വന്നു ഫ്രീ ആയി വായിച്ചോ! :D

      Delete